Wednesday, June 28, 2006

കീചകവധം - ഇരയിമ്മന്‍തമ്പി



എട്ടാം രംഗം
(സുദേഷ്ണയുടെ ഭവനം)
(ശ്ലോകം: 12, ഉശാനി)

അഭ്യര്‍ഥിതാ തേന മുഹു: സുദേഷ്ണാ
കൃഷ്ണാം കദാചിന്മധുയാചനാര്‍ഥം
സമീപമാത്മീയസാഹോദരസ്യ
നിനീെഷുരേഷാ മധുരം ബഭാഷേ

പദം. 15. ഉശാനി - ചെമ്പട

(സുദേഷ്ണ പാഞ്ചാലിയോട്‌)

പല്ലവി

മാനിനിമാര്‍ മൌലീമണേ!
മാലിനി! നീ വരികരികില്

‍അനുപല്ലവി

ആനനനിന്ദിതചന്ദ്രേ!
അയി സഖി! നീ ശൃണു വചനം

ചരണങ്ങള്‍

1. പരിചൊടു നീ മമ സവിധേ
പകലിരവും വാഴുകയാല്‍
ഒരു ദിവസം ക്ഷണമതുപോ-
ലുരുസുഖമേ തീര്‍ന്നിതു മേ. (മാനിനി)

2. ഇന്നിഹ ഞാനൊരു കാര്യം
ഹിതമൊടു ചൊല്ലീടുന്നേന്
‍ഖിന്നതയിങ്ങതിനേതും
കിളിമൊഴി! നീ കരുതരുതേ. (മാനിനി)

3. സോദര മന്ദിരമതില്‍ നീ
സുഭഗതരേ! ചെന്നധുനാ
ഓദനവും മധുവും കൊ-
ണ്ടുദിതമുദാ വരിക ജാവാല്‍. (മാനിനി)

ബാക്കി പാഠഭാഗത്തിനായി മലയാളം ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷപാഠാവലി (പേജ്‌ നമ്പര്‍ 63) നോക്കുക.

സമാന പദങ്ങള്‍

‍തേന = അവനാല്‍
മുഹു:= പിന്നെയും
കദാചില്‍=ഒരിക്കല്‍
നിനീഷു =നയിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍
ഏഷാ =ഇവള്‍
ശ്രുണു =കേള്‍ക്കുക
ഉരുസുഖം =ഏറ്റവുംസുഖപ്രദം
സുഭഗതരേ = അതിസുന്ദരീ
അധുനാ =ഇപ്പോള്‍
‍ഓതനം = ചോറ്‌
ജാവാല്‍ =വര്‍ദ്ധിച്ച സന്തോഷത്തോടെ വേഗത്തില്‍ വന്നാലും.

ചരിത്രം


History of Kathakali
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൊട്ടാരക്കര തമ്പുരാന്‍ ആണ്‌ കഥകളിയുടെ ഉപജ്ഞാതാവ്‌ എന്ന് വിശ്വസിക്കുന്നു. കോഴിക്കോട്ടെ മാനവേദരാജാവ്‌ എട്ട്‌ ദിവസത്തെ കഥയായി കൃഷ്ണഗീതി നിര്‍മ്മിച്ച്‌ 'കൃഷ്ണനാട്ടം' എന്ന പേരില്‍ രംഗത്തവതരിപ്പിച്ചു. ഇതറിഞ്ഞ തമ്പുരാന്‍ കൃഷ്ണനാട്ടസംഘത്തെ ഇവിടേക്ക്‌ അയച്ച്‌ തരാന്‍ അപേക്ഷിച്ചു. തെക്കര്‍ക്ക്‌, കൃഷ്ണനാട്ടം രസിക്കാന്‍ തക്ക കഴിവില്ലെന്ന് പറഞ്ഞ്‌ മാനവേദന്‍ ആ അപേക്ഷ നിരസിച്ചു. അപമാനിതനായ കൊട്ടാരക്കര തമ്പുരാന്‍ സ്വധര്‍മ്മമനുസരിച്ച്‌ രാമകഥയെ എട്ട്‌ ഭാഗങ്ങളായി വിഭജിച്ച്‌, രാമനാട്ടം എന്ന കലാരൂപമുണ്ടാക്കി. ഈ രാമനാട്ടത്തിന്റെ പരിഷ്കരിച്ച രൂപമാണ്‌ കഥകളി.

വേഷങ്ങള്‍


കഥാപാത്രങ്ങളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി, കഥകളിയില്‍ പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നീ വേഷങ്ങള്‍ ഉണ്ട്‌.

1. പച്ച - സത്വഗുണം ഉള്ള വേഷം. ഉദാ: നളന്‍, ഇന്ദ്രന്‍, പാണ്ഡവന്മാര്‍.
2. കത്തി - നന്മയും തിന്മയും ഇടകലര്‍ന്ന വേഷം. ഉദാ: കീചകന്‍, ദുര്യോധനന്‍, രാവണന്‍.
3.കരി - ദുഷ്ടകഥാപാത്രങ്ങള്‍. ഉദാ: കാട്ടാളന്മാര്‍, ശൂര്‍പ്പണഖ.
4. താടി - ചുവന്ന താടി - ഭയാജനകകഥാപാത്രങ്ങള്‍; വെള്ളത്താടി - ഹനുമാന്‍; കറുത്ത താടി - കലി.
5. മിനുക്ക്‌ - സൌമ്യവേഷം. ഉദാ: സ്ത്രീകള്‍, മുനിമാര്‍, ബ്രാഹ്മണര്‍, ദൂതര്‍

വാദ്യങ്ങള്‍

ചെണ്ട, ശുദ്ധമദ്ദളം, ചേങ്ങില, ഇലത്താളം എന്നീ നാല്‌ വാദ്യങ്ങള്‍ ആണ്‌ കഥകളിക്ക്‌ വേണ്ടത്‌. ചേങ്ങില പ്രധാന പാട്ടുകാരനും, ഇലത്താളം ഏറ്റ്‌പാടലുകാരനും ഉപയോഗിക്കുന്നു. ചമ്പട, ചമ്പ, ത്രിപുട, പഞ്ചാരി, അടന്ത, മുറിയടന്ത എന്നീ താളങ്ങളും കഥകളിയില്‍ ഉപയോഗിക്കുന്നു.

കഥകളിയിലെ ചടങ്ങുകള്‍

ഏതു കഥക്കും ഒഴിച്ചു കൂടാനാവാത്ത ചില ചടങ്ങുകള്‍ ഉണ്ട്‌. ഒരാട്ടക്കഥ ഒറ്റ രാത്രികൊണ്ടു അവതരിപ്പിക്കത്തക്കവിധമാണു എഴുതപ്പെട്ടിരിക്കുന്നത്‌. ഇതിന്‌ പലചടങ്ങുകളും ഉണ്ട്‌.
1. കേളികൊട്ട്‌ - സന്ധ്യക്ക്‌ അവതരിപ്പിക്കുന്ന ഈ മേളം രാത്രിയില്‍ കഥകളി ഉണ്ടായിരിക്കുമെന്ന് നാട്ടുകാരെ അറിയിക്കുന്നു.
2. അരങ്ങ്‌കേളി (കേളിക്കൈ) - ആട്ടം തുടങ്ങി എന്ന് അറിയിക്കലാണ്‌ ഈ ചടങ്ങിന്റെ ഉദ്ദേശം.
3. തോടയം - കളി കഴിയുന്നത്‌ വരെ അമംഗളം ഉണ്ടാകാതിരിക്കാനുള്ള സ്തുതിയാണിത്‌.
4. പുറപ്പാട്‌ - കഥകളിയിലെ നായികാനായകന്മാരുടെ രംഗപ്രവേശമാണിത്‌. ആലവട്ടം, വെഞ്ചാമരം എന്നിവ പിടിച്ചാണ്‌ ഇത്‌ നടത്തുന്നത്‌.
5. മേളപ്പദം - പുറപ്പാട്‌ കഴിഞ്ഞ്‌ 'മഞ്ജുതര...' എന്ന് തുടങ്ങുന്ന അഷ്ടപദി ഗാനം ചൊല്ലുന്നു. മേളക്കാരുടെ കഴിവ്‌ ഇവിടെ പ്രകടിപ്പിക്കുന്നു. ഇതിനു ശേഷം കഥകളി ആരംഭിക്കുന്നു. കവി വാക്യമായ ശ്ലോകം ചൊല്ലുന്നതോട്‌ കൂടി കഥാപാത്രം രംഗത്ത്‌ വരുന്നു. പാട്ടുകാര്‍ 'പദം' ചൊല്ലുമ്പോള്‍ അതിന്റെ മുദ്ര കാണിച്ച്‌ ആടുന്നത്‌ 'ചൊല്ലിയാട്ടം'. നടന്‍ മനോധര്‍മ്മമാടുന്നത്‌ 'ഇളകിയാട്ടം'.
6. ധനാശി - കഥകളി അവസാനിക്കുന്ന ചടങ്ങാണിത്‌.

കഥകളിയിലെ സംഗീതം


സംഗീതത്തിനു 'ദേശി','മാര്‍ഗി' എന്നീ ഭേെദങ്ങളുള്ളതില്‍ കഥകളി സംഗീതം മാര്‍ഗിയില്‍ ഉള്‍പ്പെടുന്നു. ഇതിനു സോപാനസംഗീതം എന്നു പറയുന്നു. കേരളത്തിലെ അമ്പലങ്ങളില്‍ ഉച്ചപൂജയുടെ സമയത്ത്‌ നടക്കുന്ന കൊട്ടിപ്പാടിസേവയില്‍ ശ്രീകോവിലിന്റെ സോപാനപടിക്കു മുമ്പില്‍ നിന്നുകൊണ്ടു 'ഗീതഗോവിന്ദം'(അഷ്ടപദി')ആലപിക്കുന്നതാണു സോപാനസംഗീതം. ഈ രീതി കഥകളി സംഗീതത്തില്‍ പകര്‍ത്തിയതു കൊണ്ടാണ്‌ ഇതിനു സോപാനസംഗീതം എന്ന പേര്‌ വന്നത്‌. പ്രധാനഗായകന്റെ (പൊന്നാനി) കയ്യിലുള്ള ചേങ്ങിലക്കും സഹായിയുടെ (ശിങ്കിടി) കയ്യിലുള്ള ഇലത്താളത്തിനും പുറമേ ചെണ്ട, മദ്ദളം എന്നിവയുടെ പ്രയേൊഗത്തിനു രണ്ടു കലാകാരന്മാര്‍ വേറെയുമുണ്ട്‌.
കഥകളി സംഗീതം കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക.

Sunday, June 04, 2006

വഴികാട്ടി

കഥകളി എന്ന പുരാതന കലാരൂപത്തെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.
കഥകളി ഗാനങ്ങളും വീഡിയോ ചിത്രങ്ങളും ലഭിക്കുവാന്‍
ഇവിടെ ക്ലിക്ക്‌ ചെയ്യുക.
കഥകളിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
ഇവിടെ ലഭ്യമാണ്‌.
എം. പി. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കഥകളിയെക്കുറിച്ചുള്ള ലേഖനം
ഇതാ.
ഇതാ കഥകളിയിലേയ്ക്ക്‌ ഏഴ്‌ പടവുകള്‍.

ഔദ്യോഗിക വെബ്‌പേജുകള്‍:
കലാമണ്ഡലം
കഥകളിസദനം
മാര്‍ഗ്ഗി

കഥകളി ആസ്വാദകരുടെ
യാഹൂ ഗ്രൂപ്പ്‌.
കഥകളിയെക്കുറിച്ചുള്ള വിക്കിപ്പീടിയ വിവരം
ഇതാ.

തിരനോട്ടം

കഥകളി എന്ന കലാരൂപത്തിന്റെ വിവിധ വേഷപ്പകര്‍ച്ചകള്‍ ഇതാ ഒരു സ്ലൈഡ്‌ ഷോയിലൂടെ....